കൊച്ചി: ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഡിസംബറിൽ 31 ന് വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഡിസംബർ 30 നാണു പുതുവത്സരം ആഘോഷിക്കാൻ സഞ്ജയ് ഗോവക്ക് പോയത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. പുതുവർഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നു. വെറും 19 വയസായിരുന്നു സഞ്ജയുടെ പ്രായം. നാട്ടുകാര്‍ കൂടിയായ രണ്ട് പേരാണ് സഞ്ജയ്ക്കൊപ്പം ഗോവയ്ക്ക് പോയത്.
സഞ്ജയെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പോലീസിനെ അറിയിച്ചിരുന്നു. പക്ഷെ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പോലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്ന് മൃതദേഹം ലഭിച്ചത്. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.