വള്ളികുന്നം : വിസയുടെയും പാസ്പോര്‍ട്ടിന്‍റെയും കുരുക്കുകള്‍ നീക്കി വിമാനത്തില്‍ നിന്ന് മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചു. കണ്ണീരോടെ വിടനല്‍കിയപ്പോഴും ബന്ധുക്കള്‍ അറിഞ്ഞില്ല അത് ഷാജി രാജന്‍റെതല്ലെന്ന്. ഒരു ദിവസത്തിനുശേഷമാണ് യു.പി. സ്വദേശി അബ്ദുള്‍ ജാവേദിന്‍റെ മൃതദേഹമാണു സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതെന്ന് അവരറിഞ്ഞത്.
സൗദിയില്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്ന ഷാജിരാജന്‍റെ മരണവിവരം ബന്ധുക്കളറിഞ്ഞത് ജൂലായ് 18-നാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികളെല്ലാംകഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചപ്പോഴാണ് പാസ്പോര്‍ട്ട് കാണാനില്ലെന്ന വിവരമറിഞ്ഞത്. നാട്ടിലേക്കുമടങ്ങാനായി 2019-ല്‍ ഷാജിരാജന്‍ എക്‌സിറ്റ് വിസ എടുത്തതായുമറിഞ്ഞു. ഇതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിച്ചു. ഇതിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. കാണാതായ പാസ്പോര്‍ട്ടിന്‍റെ വിവരങ്ങളും മറ്റുരേഖകളും ശേഖരിക്കുകയും തുടര്‍ന്നാണ് സെപ്റ്റംബര്‍ 30-ന് രാവിലെ മൃതദേഹം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.
ബന്ധുവായ രതീഷാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എല്ലാരേഖകളും പരിശോധിച്ചശേഷമാണ് അവര്‍ മൃതദേഹം നല്‍കിയത്. എംബാം ചെയ്തതും അഴുകിയതുമായ മൃതദേഹം തുറക്കാതെ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഭാര്യ രാഗിണിയുടെ വള്ളികുന്നം കാരാഴ്മ കണിയാവയലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിറ്റേന്നാണു മൃതദേഹംമാറിയ വിവരമറിയുന്നത്.
തുടര്‍ന്ന് ഷാജിരാജന്‍റെ മൃതദേഹം യു.പി.യില്‍നിന്ന് തിരികെയെത്തിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ കുടുംബം. ആകെ മൂന്നുസെന്‍റിന്‍റെ സ്ഥലമാണിവര്‍ക്കുള്ളത്. വ്യാഴാഴ്ച ഉച്ചയോടെ യു.പി.യില്‍നിന്നെത്തിക്കുന്ന ഷാജിരാജന്‍റെ മൃതദേഹവും ഇവിടെയായിരിക്കും സംസ്‌കരിക്കുക.