റാന്നി: കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു. ചേത്തയ്ക്കല്‍ ഇടമുറി സ്കൂള്‍ റോഡില്‍ റബ്ബര്‍ ബോര്‍ഡ് ഓഫീസിനു സമീപത്തെ വലിയതോട്ടിലെ പാലത്തിന്‍റെ കൈവരികള്‍ ആണ് നാറാണംമൂഴി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ചത്. കൈവരികള്‍ തകര്‍ന്ന് പാലം അപകടത്തില്‍ ആയിരുന്നു. ചേത്തയ്ക്കല്‍ റബ്ബര്‍ബോര്‍ഡ് ഓഫീസ്, ഇടമുറി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, സെന്‍റ്തോമസ് കോളേജ്, മര്‍ത്തോമാ, കാത്തോലിക്ക ദേവാലയങ്ങള്‍, ഇടമുറി ക്ഷേത്രം തുടങ്ങിവയിലേക്ക് നാട്ടുകാര്‍ പോവുകയും വരുകയും ചെയ്യുന്ന പ്രധാന റോഡിലെ പാലമാണ് തകര്‍ച്ചയുടെ വക്കില്‍ ഉള്ളത്. നാറാണംമൂഴി പഴവങ്ങാടി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ പാലമാണിത്. ഈ പാലവും റോഡും ആദ്യം ജില്ലാ പഞ്ചായത്തിന്‍റെ കൈവശവും പിന്നീട് പൊതുമരാമത്ത് വകുപ്പിനും കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഇത് ജില്ലാ പഞ്ചായത്തിന് വീണ്ടും കൈമാറുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആരുടെ കൈവശമെന്നത് തര്‍ക്കമായി അവശേഷിക്കുന്നു. ഇതു കൊണ്ട് വലഞ്ഞത് നാട്ടുകാരും യാത്രക്കാരും ആയിരുന്നു.
പാലത്തിന്‍റെ വശങ്ങള്‍ ബലപ്പെടുത്തുന്ന കെട്ട് അടിത്തറ ഇളകിയ നിലയില്‍ ആണ്. രണ്ടു വശവും കെട്ടുകളും മധ്യത്തില്‍ ഒരു തൂണുമാണ് പാലത്തിന് ഉള്ളത്. മാടത്തരുവി, ഇരപ്പന്‍പാറ തോടുകള്‍ ചേരുന്ന സ്ഥലത്താണ് പാലം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ കൈവരികള്‍ സിമന്‍റ് ഇളകി കമ്പി തുരുമ്പിച്ച് വെളിയില്‍ വന്നനിലയില്‍ ആയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നിരവധി പരാതികളും നിവേധനങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആരും ഇതിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഏറെ താമസിയാതെ പാലത്തിന്‍റെ ബാക്കിഭാഗവും തകര്‍ന്നു വീഴാന്‍ സാധ്യത കൂടുതല്‍ ആയിരുന്നു. ഇത് പാലത്തിന്‍റെ ബലക്ഷയം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ടായിരുന്നു. അടുത്ത സമയത്ത് റോഡിന്‍റെ പഴവങ്ങാടി പഞ്ചായത്തിലുള്‍പ്പെടുന്ന വശം റീബില്‍ഡ് കേരളയില്‍ ഫണ്ടനുവദിച്ച് പുനരുദ്ധരിച്ചിരുന്നു. പാലത്തിന്‍റെ നാറാണംമൂഴി പഞ്ചായത്തിന്‍റെ വശം സെന്‍റ് തോമസ് കോളേജിന് സമീപം വരെ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പുനരുദ്ധരിച്ചിരുന്നു. ബാക്കി ഭാഗത്തിന് എം.എല്‍.എ ഫണ്ട് വെച്ചിട്ടുണ്ട്. അപ്പോഴും പാലത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നതോടാണ് പഞ്ചായത്ത് ഇടപെട്ടത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഏക സ്വകാര്യബസ് പാലത്തിന്‍റെ ബലക്ഷയം മൂലം സര്‍വ്വീസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.