റാന്നി: റാന്നിയുടെ സമഗ്രമായ വികസനത്തിന് സഹായം ഏകുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് എന്ന് അഡ്വ. പ്രമോദ് നാരായൺ എം എൽഎ പറഞ്ഞു. റാന്നിയുടെ എല്ലാ മേഖലകളിലും ഉള്ള വികസനത്തിന് ഫണ്ട് നീക്കിവെച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ബജറ്റുകളിൽ റാന്നിക്ക് ഏറ്റവും മുന്തിയ പരിഗണന ലഭിച്ചതും ഈ ബജറ്റിലാണ്. ഗ്രാമീണ റോഡുകൾക്ക് മാത്രം നാല് കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനിയും അറ്റകുറ്റപ്പണി ചെയ്തിട്ടില്ലാത്ത തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് ഈ ഫണ്ട് ചെലവാക്കാനാകും. ഡിപ്പോപടി -ചെങ്ങറമുക്ക് റോഡിന് 2.5 കോടി രൂപ ലഭിച്ചത് വലിയ നേട്ടമാണ്. അവശേഷിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകൾ കൂടി ബിഎംബിസി നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായാണ് ഇത്.
റാന്നിയിലെ വിവിധ പള്ളിയോട പുരകളും പള്ളിയോടങ്ങളും ഉൾപ്പെടെ സംരക്ഷിക്കുന്നതിന് 1 കോടി രൂപ ലഭിച്ചതിലൂടെ നമ്മുടെ മഹത്തായ പൈതൃകത്തിന് ബജറ്റിൽ ഇടം പിടിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് അംഗൻവാടികൾ നിർമ്മിക്കാൻ 1 കോടി രൂപ ലഭിച്ചതും ബംഗ്ലാംകടവ് ഗവ. ന്യൂ യു പി സ്കൂൾ, കടുമീൻചിറ ഗവ. ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഓരോ കോടി രൂപ വീതം ലഭിച്ചതും വിദ്യാഭ്യാസ മേഖലയ്ക്ക് എടുത്തു പറയത്തക്ക നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നോളജ് വില്ലേജിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഒഡേപക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ക്യാമ്പസ് നിർമ്മിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചത് നോളജ് വില്ലേജിന് സംസ്ഥാന സർക്കാർ നൽകിയ അംഗീകാരമാണ്. റാന്നിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറകേകുന്ന പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് 7 കോടി രൂപ ബജറ്റിൽ വകയിരുത്തിയതും എടുത്തു പറയത്തക്ക നേട്ടമാണെന്ന് എം.എല്‍.എ പറഞ്ഞു.