ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിലും ആറു പഞ്ചായത്തുകളിലും കുടിവെള്ളവിതരണത്തിനായി ആവിഷ്‌കരിച്ച ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ളപദ്ധതിയുടെ മൂന്നാംഘട്ടത്തിന് മന്ത്രിസഭയുടെ അനുമതിയായി. നഗരസഭയിലേക്കും മുളക്കുഴ, ആലാ, പുലിയൂർ, ബുധനൂർ, പാണ്ടനാട്, വെൺമണി, ചെറിയനാട് പൈപ്പിടുന്നതിനും ഇതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനും ജലസംഭരണി സ്ഥാപിക്കുന്നതിനുമാണ് അനുമതിയായത്. 166.96 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പു സ്ഥാപിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 199.13 കോടി ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ 1.24 ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭിക്കും. ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ വെള്ളം കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. വെൺമണി പഞ്ചായത്തിനായി പാറച്ചന്തയിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, മുളക്കുഴ പഞ്ചായത്തിനായി കളരിത്തറയിൽ 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണി, രണ്ടുലക്ഷം ലിറ്റർ ജലസംഭരണി, പ്രധാന ജലവിതരണ പൈപ്പ് സ്ഥാപിക്കൽ, ശൃംഖല, ഇതുമായി ബന്ധപ്പെട്ട റോഡുപുനരുദ്ധാരണം എന്നിവ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പമ്പാനദിക്കു സമീപം അങ്ങാടിക്കലിൽ കോലാമുക്കത്ത് ട്രാൻസ്ഫോർമർ റൂമിന്റെ നിർമാണവും 3.08 കിലോമീറ്റർ ദൂരത്തിൽ റോ വാട്ടർ പമ്പിങ് മെയിൻ ലൈനും പൂർത്തിയായി. രണ്ടാംഘട്ടത്തിൽ ചെങ്ങന്നൂർ നഗരസഭയ്ക്കായി അങ്ങാടിക്കൽ മലയിൽ സ്ഥാപിക്കുന്ന 15 ലക്ഷം ലിറ്ററിന്റെ ഉന്നതലജലസംഭരണിയുടെ നിർമാണവും കഴിഞ്ഞു. ഈ പദ്ധതിപ്രകാരം 32 കിലോമീറ്റർ ദൂരത്തിൽ പൈപ്പിടുന്നതും പൂർത്തിയായി. മലയിൽ നിർമിക്കുന്ന ഉന്നതതല ജലസംഭരണിയുടെ രണ്ടാമത്തെ ബ്രേസ് ബീം വാർക്കുന്ന ജോലിയും പൂർത്തീകരിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.