റാന്നി: മണിയാര്‍ പി.ഐ.പി ജലസേചന പദ്ധതിയുടെ കനാലുകള്‍ സംരക്ഷണമില്ലാതെ തകര്‍ച്ചയുടെ വക്കില്‍. കനാലുകളുടെ വശത്തെ ഭിത്തികളില്‍ മരങ്ങള്‍ വളര്‍ന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. വേനലില്‍ വെള്ളം തുറന്നു വിടുമ്പോള്‍ പലയിടത്തും കനത്ത തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉതിമൂട് വലിയകലുങ്കില്‍ നീര്‍പ്പാലത്തിന് മുകളില്‍ ആല്‍മരം വളര്‍ന്നു തുടങ്ങിയിട്ടും അത് വെട്ടി നീക്കാന്‍ ശ്രമിക്കാത്തതിനാല്‍ വേരുകള്‍ പടര്‍ത്തി വലിയ മരമായി ഇത് മാറിയ നിലയിലാണ്. ഇത് പാലത്തിന്‍റെ കോണ്‍ക്രീറ്റിന് ബലക്ഷയം സൃഷ്ടിക്കുമെന്നാണ് ആശങ്ക. ഉതിമൂട്ടില്‍ വലിയ മല തുരന്നാണ് നീര്‍പ്പാലം കടന്നു പോകുന്നത്.
വാഴക്കുന്നത്തെ വലതുകര നീര്‍പാലത്തിന്‍റെ പമ്പാ നദിയിലെ തൂണുകളിലും മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇതുവരെ ഈ മരങ്ങള്‍ വെട്ടി നീക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പമ്പാനദിക്ക് കുറുകെ ഒരു കിലോമീറ്ററോളം ദൂരം വരുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള പാലത്തിന് സംരക്ഷണമില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. തൂണിന്‍റെ ഇടഭാഗത്ത് വളര്‍ന്ന് നില്‍ക്കുന്ന പാഴ്മരങ്ങള്‍ ആഴത്തില്‍ വേരിറങ്ങിയ നിലയിലാണ്. വര്‍ഷം തോറും വേനലിന് മുമ്പായി വെള്ളം തുറന്നു വിടുന്നതിന്‍റെ ഭാഗമായി പുനരുദ്ധാരണം നടത്താറുണ്ടെങ്കിലും മാലിന്യം നീക്കല്‍ മാത്രമായി അത് അവസാനിക്കാറാണ് പതിവ്. പാലത്തിലെ മാലിന്യം നീക്കുന്ന സമയം അറ്റകുറ്റ പണികളും ചെയ്യണമെന്നാണ് കരാറെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തില്‍ പലയിടത്തും പൊട്ടലും ചോര്‍ച്ചയും ദൃശ്യമാണ്.
ചിലസമയം കനാലിന് ശക്തമായ ചോര്‍ച്ച ഉള്ളതായി നാട്ടുകാര്‍ പറയുന്നു. പാലത്തിന് മുകളിലൂടെ വാഹനങ്ങളും കടന്നു പോകുന്ന രീതിയിലാണ് വാഴക്കുന്നത്ത് പാലം സ്ഥിതി ചെയ്യുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തെ പ്രകമ്പനവും അറ്റകുറ്റപണികള്‍ നടത്താതെ പോകുന്നതും പാലത്തിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടാന്‍ സാധ്യത ഏറെയാണ്. 2018ലെ പ്രളയത്തിന് ശേഷം വടശേരിക്കര ബൗണ്ടറിയില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലം വെള്ളം വിതരണം പോലും തടസ്സപ്പെടുന്നതിലേക്ക് നീങ്ങിയിരുന്നു. ഇത്തരം അവസ്ഥ സംജാതമായാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം ശക്തമാകും. പടിഞ്ഞാറന്‍ മേഖലയില്‍ കൃഷിക്കായി കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ കനാല്‍ വെള്ളമാണ്.