പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ നാമനിര്‍ദേശ പത്രികയില്‍ സിപിഐഎം നല്‍കിയ കേസും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഒറ്റപ്പാലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്ന ഘട്ടത്തിലായിരുന്നു സരിനെതിരെ സിപിഐഎം പരാതി നല്‍കിയത്. പേരിനൊപ്പം ഐഎഎഎസ് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഇതില്‍ അന്ന് തന്നെ പോലീസ് കേസെടുത്തിരുന്നു. രാജിവെച്ച സരിന്‍ പേരിനൊപ്പം ഐഎഎഎസ് ഉപയോഗിച്ചതിനെതിരെ ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 പ്രകാരം ഒറ്റപ്പാലം പോലീസ് എടുത്ത കേസാണ് നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജിവെച്ചവര്‍ പേരിനൊപ്പം ഐഎഎഎസ് ചേര്‍ക്കുമ്പോള്‍ റിസൈന്‍ഡ് എന്നുകൂടി ഉള്‍പ്പെടുത്തണമെന്ന ചട്ടം സരിന്‍ ലംഘിച്ചെന്നായിരുന്നു അന്ന് സിപിഐഎം നല്‍കിയ പരാതി. തുടര്‍ന്ന് സബ് കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഭാവിയില്‍ റിസൈന്‍ഡ് എന്നോ റിട്ടയേർഡ് എന്നോ ചേര്‍ക്കാമെന്നായിരുന്നു രേഖാമൂലം സരിന്റെ വിശദീകരണം. പേരിനൊപ്പംഐഎഎഎസ് ചേര്‍ത്ത പ്രചാരണ സാമഗ്രികള്‍ നീക്കണമെന്നു സ്ഥാനാര്‍ത്ഥിക്കു നിര്‍ദേശം നല്‍കിയെങ്കിലും പിന്‍വലിച്ചിരുന്നില്ല. പിന്നാലെയാണ് കേസെടുത്തത്. ഇന്നലെയാണ് പി സരിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാലക്കാട് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് സരിന്‍ പത്രിക നല്‍കിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയായിരുന്നു കൈമാറിയത്.