കണ്ണൂർ: ഭർത്താവിനെ വെടിവെച്ചു കൊന്ന കേസിൽ റിമാൻഡിലായ ബിജെപി നേതാവ് മിനി നമ്പ്യാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് കൊലപാതക ഗൂഢാലോചനയിൽ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം രാധാകൃഷ്ണൻ വീട്ടിൽ എത്തിയോ എന്നറിയാൻ മിനി പലതവണ മകനെ വിളിച്ചിരുന്നു. സന്തോഷിന് വിവരങ്ങൾ കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇത്. കൊലപാതകത്തിനു മുൻപും ശേഷവും സന്തോഷുമായി ഫോണിൽ ബന്ധപ്പെട്ടു. 3000ത്തോളം ഫോൺ കോളുകളാണ് കുറഞ്ഞ നാളുകൾക്കുള്ളിൽ ഇരുവരും തമ്മിൽ നടത്തിയത്.
നശിപ്പിക്കാൻ ശ്രമിച്ച ശാസ്ത്രീയ തെളിവുകൾ വീണ്ടെടുത്താണ് പോലീസ് ഗൂഢാലോചനയിൽ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത്. ഒന്നാം പ്രതി സന്തോഷുമായുള്ള ബന്ധത്തിന് തടസ്സമായതിനാൽ ഇരുവരും ചേർന്ന് ആസൂത്രണം ചെയ്ത് രാധാകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവാണ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മിനി നമ്പ്യാർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ചിറക്കൽ ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. പാർട്ടി പരിപാടിക്കെന്ന് പറഞ്ഞ് സുഹൃത്തായ സന്തോഷിനൊപ്പം പോകുന്നത് ഭർത്താവ് കണ്ടെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം.