കോന്നി: സംസ്ഥാനത്തെ റേഷന്‍ വിതരണ സംവിധാനം ഇല്ലാതാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി ആസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ശാസ്ത്രീയ ഗോഡൗണുകളുടെ ശിലാസ്ഥാപന കര്‍മ്മം കോന്നി പെരിഞ്ഞോട്ടക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് & ഡവലപ്‌മെന്റ് (സി എഫ് ആര്‍ ഡി) കോളേജില്‍ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യ പൊതു വിതരണ രംഗത്ത് സുതാര്യമായ സേവനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങുന്നതില്‍ യാതൊരു വിധ ആശങ്കകളും ആവശ്യമില്ല. ഒരു റേഷന്‍ കടയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഇല്ലങ്കില്‍ അടുത്ത കടയില്‍ നിന്നും വാങ്ങുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അശാസ്ത്രീയമായ ഗോഡൗണുകള്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരുന്നത്. ഇത് പരിഹരിക്കുന്നതിനായി കേരളത്തിലെ 83 താലൂക്ക് കേന്ദ്രങ്ങളില്‍ ആധുനിക ഗോഡൗണുകള്‍ നിര്‍മ്മിക്കും. ഭക്ഷ്യ ധാന്യങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടാകുന്ന സ്ഥിതി നില നില്‍ക്കുന്നുണ്ട്. ആധുനിക ഗോഡൗണുകള്‍ സാധ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാന്‍ സാധിക്കും.
സംസ്ഥാനത്തെ 134 ആദിവാസി കോളനികളിലെ ഊരുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ട് എത്തിച്ച് കൊടുത്തിട്ടുണ്ട്. ആധുനിക ഗോഡൗണുകളില്‍ സി സി റ്റി വി ക്യാമറകള്‍ സ്ഥാപിക്കുകയും ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന ലോറികളില്‍ ജി പി എസ് സംവിധാനം നിലവില്‍ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍, സപ്ലെക്കോ സി എം ഡി ഡോ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് തുടങ്ങിയവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ ദേവകുമാര്‍, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ജിഷ ജയകുമാര്‍, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എ ദീപകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.