മുംബൈ: ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കമ്പനിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ഒരു ആന്തരിക വിലയിരുത്തലിനെ തുടര്‍ന്നാണ് പരിശോധന. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ബൈജൂസിന് ഈ പരിശോധന ഒരു പുതിയ തലവേദനയായിരിക്കും എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബൈജൂസിന്റെ വക്താക്കള്‍ അറിയിച്ചത്. ‘മന്ത്രാലയത്തില്‍ നിന്ന് ബൈജൂസിന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പതിവ് പരിശോധനകളില്‍ അവര്‍ മുമ്പ് മന്ത്രാലയത്തിന് ഉചിതമായ വിശദീകരണങ്ങളും വ്യക്തതകളും നല്‍കിയിട്ടുണ്ട്,’ ലീഗല്‍ മാനേജിംഗ് പാര്‍ട്ണര്‍ സുല്‍ഫിഖര്‍ മേമന്‍ പറഞ്ഞു. പരിശോധന നടക്കുകയാണെങ്കില്‍, പൂര്‍ണ്ണമായും സഹകരിക്കാനും ആവശ്യമായ എല്ലാ വിശദീകരണങ്ങളും വ്യക്തതകളും നല്‍കാനും ബൈജൂസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.