പന്തളം: നഗരസഭയിലെ പതിനേഴായിരത്തോളം വരുന്ന വാസ വാണിജ്യ കെട്ടിട ഉടമസ്ഥരെ കണ്ണീരിലാഴ്ത്തിയ തീരുമാനം ആയിരുന്നു പന്തളത്തെ മുൻകാല പ്രാബല്യത്തോട് നടപ്പാക്കിയ നികുതി പരിഷ്കരണം. നാളിതുവരെ കൃത്യമായി നികുതി അടച്ചിരുന്ന കെട്ടിടങ്ങൾക്കു പോലും യു എ എന്ന അനധികൃത നിർമ്മാണ സ്റ്റിക്കർ പതിപ്പിച്ചു. ക്രമാതീതമായി വർദ്ധിപ്പിച്ച നികുതി 2016 മുതൽ മുൻകാലപ്രാബല്യത്തോടെ ഈടാക്കാൻ ശ്രമിച്ചതും നഗരസഭ വാണിജ്യ ലൈസൻസ് നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാതിരുന്നതും കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ശക്തമായ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തെറ്റ് തിരുത്തുവാനുള്ള നിരവധി അവസരങ്ങൾ പാഴാക്കിയ ചെയർപേഴ്സൺ താൻ ചെയ്തതെല്ലാം ശരിയാണ് എന്ന ധാർഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ അസോസിയേഷൻ നിരവധി തവണ മന്ത്രിയെ ഉൾപ്പെടെ നേരിൽ കാണുകയും പരിഹാരമാകാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കേണ്ടിയും വന്നു. കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഭരണ മുന്നണിയിലെ തന്നെ കൗൺസിലർമാർ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ടി വരികയും അതിനു പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തപ്പോൾ ചെയർപേഴ്സൺ നികുതി കുരുക്കിൽ വീണ് പുറത്ത് പോകേണ്ട അവസ്ഥ ഇന്ന് ഉണ്ടായി. ജനങ്ങളുടെ നികുതിപ്പണം ഈടാക്കുന്നതിലും ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനും ഭരണകർത്താക്കൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ രാജിയിലേക്ക് നയിച്ച സാഹചര്യമെന്ന് അസോസിയേഷൻ അറിയിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഇ എസ് നുജുമുദീൻ, സെക്രട്ടറി സുഭാഷ് കുമാർ, പ്രേംശങ്കർ, റെജി പത്തിയിൽ, ജോർജുകുട്ടി, പിപി ജോൺ, അശോക് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.