കൊച്ചി : പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിമർശിച്ചു. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാൻ കോൺസൻട്രേഷൻ ക്യാമ്പ് പോലുള്ള ജയിൽ ആദ്യം സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. പൗരത്വനിയമഭേദഗതി ഇന്ത്യയിലെ പൗരന്മാർക്കുവേണ്ടിയല്ല.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ആർക്കെങ്കിലും ആവശ്യമെങ്കിൽ ഇന്ത്യൻപൗരത്വം നൽകാനുള്ളതാണ്. അല്ലാതെ ഇവിടുത്തെ ആരുടേയും പൗരത്വം എടുത്തുകളയാനല്ല. എൽ.ഡി.എഫും യു.ഡി.ഫും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. പൗരത്വനിയമം നടപ്പാക്കില്ലെന്ന് പറയാൻ കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ നാടല്ലന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പാക്കുന്നത്. പദ്മജ വേണുഗോപാൽ കോൺഗ്രസിൽ നേരിട്ട അവഗണന ബി.ജെ.പിയിൽ ഉണ്ടാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.