തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ല. ആദ്യ ഘട്ടത്തില്‍ ഓഗസ്റ്റ് 17ന് ദുരിതാശ്വാസ മെമോറാണ്ടത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 3 കാര്യങ്ങള്‍ ആണ്:
1. മേപ്പാടി ദുരന്തത്തെ അതി തീവ്ര ദുരന്തം (എല്‍3) ആയി പ്രഖ്യാപിക്കുക.
2. 1202.1 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതിനാല്‍ ദുരിതാശ്വാസത്തിനായി അടിയന്തിര സഹായമായി 219 കോടി രൂപ നല്‍കുക.
3. ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 13 പ്രകാരം ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക.
——
രണ്ടാം ഘട്ടത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ 13ന് നല്‍കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ടില്‍ പുനര്‍ നിര്‍മ്മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2221 കോടി രൂപ വേണ്ടി വരും എന്ന് കണക്കാക്കുന്നു. ഈ ആവശ്യം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എന്‍.ഡി.ആര്‍.എഫ്) പുതിയ സ്കീം ആയ റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ വിന്‍ഡോ പ്രകാരം പരമാവധി സഹായം നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.