ബെംഗളൂരു : കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി രണ്ടംഗ സംഘം. കർണാടകയിലെ ബെലാഗാവിലാണ് സംഭവം. വീടിനുള്ളിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ തോളിലിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മൂന്നും നാലും വയസുള്ള കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തൊപ്പി ധരിച്ച രണ്ട് പേർ അടച്ചിട്ട ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പിന്നാലെ വീടിനുള്ളിൽ കയറി കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാറിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടികളുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടികളെ പിന്തുടർന്നെത്തിയതാകാം പ്രതികളെന്നാണ് നിഗമനം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള കാറിലാണ് പ്രതികൾ കുട്ടികളുമായി കടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റാണ് കാണാതായ കുട്ടികളുടെ പിതാവ്. സംഭവത്തിന് ഈ മേഖലയുമായി ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.