കണ്ണൂർ : വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നരമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കമ്മീഷണർ. സംഭവത്തിൽ പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. പ്രതിയായ ശ്യാംജിത്തിൽ നിന്ന് കൂടുതൽ വിവരങ്ങള്‍ ചോദിച്ച് അറിയാനുണ്ട്. പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിക്കും.
പ്രണയം നിരസിച്ചതിന്‍റെ പകയിൽ ഇയാൾ ചെയ്തതെല്ലാം പോലീസ് വിലയിരുത്തുന്നു. പ്രതി കൊലയ്ക്ക് മുമ്പ് ചില സിനിമകൾ കണ്ട് ആസൂത്രണം നടത്തിയതായും പോലീസ് പറഞ്ഞു. ഒന്നരമാസത്തിനകം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്നും കമ്മീഷണർ വ്യക്തമാക്കി. ശ്യാംജിത്തിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരിക്കുകയാണ്. ശ്യാംജിതിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്.