ഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നു നിർമിക്കുന്ന കമ്പനികള്‍ക്കെതിരേ പിഴയടക്കമുള്ള കര്‍ശനനടപടി ശുപാര്‍ശചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനായി മരുന്നുനിര്‍മാണ നിയമങ്ങള്‍ പരിഷ്കരിച്ച് വിജ്ഞാപനമിറക്കി. മരുന്നുനിര്‍മാണം, പ്ലാന്റിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മാണ ഉപകരണങ്ങള്‍ തുടങ്ങി സമ്പൂര്‍ണതലത്തിലും നിലവാരം ഉറപ്പാക്കും. ചിട്ടയായ ശാസ്ത്രീയ പരിശോധനകളിലൂടെ മരുന്നിന് അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണമെന്നും പരാതി ലഭിച്ചാല്‍ മരുന്നുകള്‍ പൂര്‍ണമായും വിപണിയില്‍നിന്ന് പിന്‍വലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യന്‍ ചുമമരുന്നുകള്‍ കഴിച്ച് ഗാംബിയ, ഉസ്ബെകിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നൂറോളം കുട്ടികള്‍ മരിച്ചെന്ന ആരോപണം നാണക്കേടുണ്ടാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ ഗുണനിലവാരത്തില്‍ ലോകാരോഗ്യസംഘടന സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
1945-ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്സ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ക്യാളിറ്റി സിസ്റ്റം (പി.ക്യു.എസ്.), ക്യാളിറ്റി റിസ്ക് മാനേജ്മെന്റ് (ക്യു.ആര്‍.എം.), പ്രോഡക്റ്റ് ക്വാളിറ്റി റിവ്യൂ (പി.ക്യൂ.ആര്‍.), ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ യോഗ്യതയും മൂല്യനിര്‍ണയവും കംപ്യൂട്ടറൈസ്ഡ് സ്റ്റോറേജ് സംവിധാനം എന്നിങ്ങനെ അഞ്ചു പ്രധാന മാറ്റങ്ങളാണ് ചട്ടങ്ങളില്‍ വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സംവിധാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനുമുമ്പ് ഉത്‌പന്നങ്ങളുടെ വില്‍പ്പന, വിതരണം എന്നിവ പാടില്ല. മരുന്നുനിര്‍മാണ യൂണിറ്റ്, പരിസരം എന്നിവിടങ്ങളിലും ഉപകരണങ്ങള്‍, ഉത്‌പാദന സാമഗ്രികള്‍, കണ്ടെയ്നറുകള്‍, അണുവിമുക്തമാക്കുന്നതിനുള്ള ഉത്‌പന്നങ്ങള്‍ എന്നിവയിലും ഉയർന്ന തലത്തിലുള്ള ശുചിത്വം പാലിക്കണമെന്നും നിയമത്തിൽ പറയുന്നു.