പത്തനംതിട്ട : മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അഞ്ചുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. 7.62 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി എം എൽ എ സന്ദർശിച്ചു വിലയിരുത്തി. വളരെ വേഗത്തിലാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. നിലവിൽ കെട്ടിടത്തിലെ സ്ട്രക്ചർ വർക്കുകൾ പൂർത്തിയായി. റാമ്പിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. പല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ ജില്ലയിലെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാറും.
രണ്ട് നിലകളിലായി ആകെ 1454 ച.മീറ്റർ (15,645 ച.അടി) വിസ്‌തീർണ്ണമുള്ള ആശുപത്രി കെട്ടിടം, ഫുട്ടിംഗ് ഫൗണ്ടേഷൻ-കോളം-ബീം-സ്ലാബ് എന്ന രീതിയിലുള്ള ഒരു പ്രബലിത കോൺക്രീറ്റ് (Reinforced Cement Concrete) ചട്ടക്കൂടിനുള്ളിൽ സിമന്റ്റ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള ചുവരുകളും തടി വാതിലുകളും അലൂമിനിയം, UPVC മുതലായവ ഉപയോഗിച്ചുള്ള ജനലുകളും ടൈൽ ഫ്ളോറിംഗുമായാണ് നിർമ്മിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിൻ്റെ ആദ്യത്തെ നിലയിൽ പ്രധാനമായും ഒ.പി മുറികളും രജിസ്ട്രേഷൻ കൗണ്ടറും പ്രതിരോധ കുത്തിവെപ്പ് മുറിയും ഒബ്‌സർവേഷൻ മുറിയും ശുചിമുറികളും ഉൾപ്പെടുന്നു. രണ്ടാമത്തെ നിലയിൽ വിഷൻ ടെസ്റ്റിംഗ് റൂമും ഓഫീസ് മുറികളും കോൺഫറൻസ് ഹാളും ശുചിമുറികളുമാണ് സജ്ജീകരിക്കുന്നത്. കൂടാതെ രണ്ട് സ്റ്റെയർ കേസുകളും ഒരു ലിഫ്റ്റും, ഒരു റാമ്പും ആശുപത്രി കെട്ടിടത്തിൽ വിഭാവനം ചെയ്‌തിട്ടുണ്ട്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർവഹണ ചുമതല. എറണാകുളം കേന്ദ്രീകരിച്ചുള്ള കരാർ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിട്ടുള്ളത്.
യോഗത്തിൽഅഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ, വൈസ് പ്രസിഡണ്ട് കെ ഷാജി, എസ് ബിജു, ഗ്രാമപഞ്ചായത്ത് അംഗം മഞ്ചേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ ടി കെ, അസി. എൻജിനീയർ ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോ.തനുജ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.