പത്തനംതിട്ട : മീനസൂര്യന്റെ പൊൻകിരണങ്ങൾ പടിഞ്ഞാറുനിന്നും വയൽപരപ്പിലേക്ക് ചാഞ്ഞു നിന്നു. പൈതൃക ഗ്രാമത്തിലെ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ‘ഹരിയോ…..ഹരേ’… ഉച്ചസ്ഥായിയിൽ ഭക്തസഹസ്രങ്ങളുടെ നാവുകളിൽ നിന്ന് മുഴങ്ങി. അംബര ചുംബികളായ നെടുംകുതിരകളെ തൊട്ടനുഗ്രഹിച്ച് അശ്വാരുഢനായ ആയിരവില്ലൻ ജീവിതമേലെഴുന്നെള്ളി കെട്ടുരുപ്പടികൾക്ക് വലംവച്ചതോടെ വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്ക് തുടക്കമായി.
—
മെയ്‌വഴക്കത്തിന്റെയും കരവിരുതിന്റെയും തച്ചുശാസ്ത്രത്തിന്റെയും പ്രതീകമായ എടുപ്പുകുതിരകളും ആനയും ഇരട്ടക്കാളയും ഒറ്റക്കാളയും തേരും ഉൾപ്പെടെ 20ൽ അധികം കെട്ടുരുപ്പടികളാണ് ഇത്തവണ കണ്ണുകൾക്ക് വിസ്മയം തീർത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽ ലക്ഷത്തിലധികം ജനങ്ങളാണ് കെട്ടുകാഴ്ച ദർശിക്കാൻ എത്തിയത്. നാലുമണിയോടെ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് വായ്ക്കുരവയുടെയും
വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി കെട്ടുരുപ്പടികൾ ഒന്നൊന്നായി ക്ഷേത്രത്തിന് മുന്നിലെ ഭൂതത്താൻ കാവിനെ വലംവെച്ച് കരക്കുതിരയ്ക്ക് സമീപത്തെ കുതിരമൂട്ടിൽ എത്തിച്ചു.
അഞ്ചരയോടെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങായിലിന്റെയും സെക്രട്ടറി സന്തോഷ് പാലയ്ക്കലിന്റെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും കുതിരകമ്മിറ്റിയുടെയും പാരമ്പര്യ ആചാരപ്രകാരം ഭൂതത്താൻ കാവിലെത്തി ഇളനീരുടച്ച് വലംവച്ച് ഭൂതഗണങ്ങളുടെ അനുഗ്രഹം വാങ്ങി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ദേശദേവനായ ആയിരവില്ലനെ കുതിര മൂട്ടിലേക്ക് ആനയിക്കാൻ ക്ഷേത്രത്തിലെത്തി. മേൽശാന്തി ശ്രീകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവചൈതന്യത്തെ
ജീവിതയിലേക്ക് ആവാഹിച്ച്, പഞ്ചവാദ്യങ്ങളുടെയും താലപ്പൊലികളുടെയും
പുഷാപാഭിഷേകത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ കുതിരമൂട്ടിലേക്ക് എളുന്നെള്ളിച്ചു.
വെട്ടൂരിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി അഹോരാത്രം പ്രയത്നിച്ചാണ് കെട്ടുകാഴ്ച്ചകൾ ഒരുക്കിയത്. ഭക്തജനങ്ങൾ കരക്കുതിരയ്ക്കുമുന്നിൽ ഒരുക്കിയ നെൽപ്പറയും അൻപൊലിയും ഏറ്റുവാങ്ങി മൂന്നുതവണ കെട്ടുരുപ്പടികൾക്ക് വലംവെച്ചു. ഇതോടെ ഏറ്റവുംവലിയ എടുപ്പുകുതിരയായ 49.5 അടി ഉയരമുള്ള, 10.5 അടി വീതിയുമുള്ള കരക്കുതിരയെ 300ൽ അധികം ആളുകൾ ചുമലിലേറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വയലിൽ വെള്ളം നിറഞ്ഞത് കാരണം വരെയേറെ പ്രയാസപ്പെട്ടാണ് കുതിരമൂട്ടിൽ നിന്ന് കുതിര എടുത്തുനീങ്ങിയത്. തുടർന്ന് വേലകളിയും അരങ്ങേറി.