കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം ഈ മാസം അവസാനത്തോടെ 80 ശതമാനം പൂർത്തിയാകുമെന്ന് നിർമാണക്കരാർ കമ്പനി അധികൃതർ. കൊടുങ്ങല്ലൂർ മുതൽ തളിക്കുളം വരെയും തളിക്കുളം മുതൽ കാപ്പിരിക്കാട് വരെയുമുള്ള ജില്ലയിലെ രണ്ടു റീച്ചുകളിലും ആറുവരിപ്പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായാണ് കമ്പനിയധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, ഇപ്പോൾത്തന്നെ പലയിടത്തും പണി കാരണം ഉണ്ടാകുന്ന ഗതാഗതതടസ്സം മഴക്കാലം ആരംഭിക്കുന്നതോടെ കൂടുതൽ ദുരിതമാകുമെന്ന ആശങ്കയുണ്ട്. കൊടുങ്ങല്ലൂർ ബൈപാസിലും ചന്തപ്പുര മുതൽ ശ്രീനാരായണപുരം അഞ്ചാംപരത്തിവരെയുള്ള ഭാഗത്തെ ഒൻപത് കിലോമീറ്റർ ദൂരം കടന്നുകിട്ടാൻ ഏറെ പാടുപെടണം.
ഏതുസമയവും വലിയ ഗതാഗതക്കുരുക്കിലാണ് ഈ പ്രദേശം. ഇടുങ്ങിയ റോഡിലൂടെ ഗതാഗതം തിരിച്ചുവിടുന്നതാണ് അപകടത്തിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണം. കൂറ്റൻ ട്രക്കുകളും കണ്ടെയ്‌നർ ലോറികളും ഈ റോഡുകളിൽ വലിയ ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. ചന്തപ്പുര, കോതപറമ്പ്, പൊരിബസാർ, അഞ്ചാംപരത്തി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ്. അഞ്ചാംപരത്തി മുതൽ പുന്നക്ക ബസാർ വരെയുള്ള നാലര കിലോമീറ്റർ വരുന്ന ബൈപാസ് റോഡിന്റെ നിർമാണമാണ് ഇപ്പോൾ പ്രധാനമായും നടന്നുവരുന്നത്. ചില ഭാഗങ്ങളിൽ ഭാഗികമായി ടാറിങ് നടന്നിട്ടുണ്ട്. ജില്ലയിൽ ദേശീയപാതയുടെ ബൈപാസ് നിർമാണം നടക്കുന്ന മേഖലകളിലൊന്നും ഗതാഗതം തുടങ്ങാൻ കഴിയുന്ന നിലയിലായിട്ടില്ല.
ബൈപാസുകളിലൂടെ ഗതാഗതം നടത്താൻ കഴിയുമെന്ന നില വന്നാൽ ചാവക്കാടുപോലെയുള്ള പട്ടണങ്ങൾക്കുള്ളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാനും കുരുക്ക് കുറയ്ക്കാനും കഴിയും. മേൽപ്പാലങ്ങളുടെ ജോലികൾ എവിടെയും പൂർത്തിയായിട്ടില്ല. ജില്ലയിൽ ദേശീയപാതനിർമാണത്തിന് വേഗം കുറയ്ക്കുന്ന പ്രധാന ഘടകം നിർമാണത്തിനുള്ള മണ്ണിന്റെ ദൗർലഭ്യമാണ്. കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിൽനിന്നും ചേറ്റുവപ്പുഴയിൽനിന്നും ജില്ലയിലെ നിർമാണത്തിനുള്ള മണ്ണെടുക്കാൻ അനുമതിയായിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ഈ പുഴകളിൽനിന്നുള്ള ഡ്രജ്ജിങ് തുടങ്ങും. മേൽപ്പാലങ്ങളുമായി ബന്ധിക്കുന്ന ഭാഗത്ത് റോഡ് മണ്ണിട്ടുയർത്തിയാണ് നിർമിക്കുക. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, തൃപ്രയാർ, ആനവിഴുങ്ങി, എടമുട്ടം, മണത്തല എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളോടു ചേർന്നുള്ള റോഡുകൾ മണ്ണിട്ടുയർത്തേണ്ടതുണ്ട്. ഇപ്പോൾ ചാലിശ്ശേരിയിൽനിന്ന് മണ്ണ് കിട്ടുന്നുണ്ട്. മഴ തുടങ്ങിയാൽ മണ്ണ് കിട്ടില്ല.