റാന്നി: വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലി നിര്‍മ്മിക്കാതെ കരാര്‍ കമ്പനി ട്രാഫിക് കോണും റിബണും വലിച്ചു കെട്ടി മടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷ ഒരുക്കാതെ എം.എല്‍.എ വീണ് പരുക്കേറ്റതോടെയാണ് സംഭവം വീണ്ടും ചര്‍ച്ച ആയത്. തുടര്‍ന്ന് അധികൃതര്‍ ട്രാഫിക് കോണ്‍ സ്ഥാപിച്ചു മടങ്ങുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഉപയോഗിക്കുന്ന നടപ്പാതയില്‍ ഒരു വശം വന്‍ കുഴിയാണ്. സ്കൂളിന്റെ മുറ്റത്തു നിന്നും പതിനഞ്ച് അടിയോളം ഉയരത്തിലാണ് പാത കടന്നു പോകുന്നത്. പാതയുടെ സുരക്ഷയ്ക്ക് നിര്‍മ്മിച്ച കല്‍കെട്ടിന് മുകള്‍വശമാണ് നടപ്പാത. ഇതില്‍ പാതയോടു ചേര്‍ന്ന വശം സുരക്ഷാവേലി നിര്‍മ്മിച്ചിട്ടുണ്ട്. മറുവശം താഴ്ചയുള്ള സ്കൂൾ മുറ്റമാണ്. ഇവിടെ സുരക്ഷാവേലി നിര്‍മ്മിക്കാതെയാണ് കരാറുകാര്‍ മടങ്ങിയത്. അതിന് മുകളിലൂടെ ആരെങ്കിലും നടന്നു പോകുന്ന വഴി കാലു തെറ്റിയാൽ ആഴത്തിലുള്ള സ്കൂൾ മുറ്റത്ത് വീഴും. ഇത് കുട്ടികൾക്കും ഭീഷണിയാണ്.
ഇവിടെ വേലി നിര്‍മ്മിക്കണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രക്ഷിതാക്കളും കെ.എസ്.ടി.പി അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സംസ്ഥാനപാതയുടെ വികസനം വന്നപ്പോള്‍ സ്കൂള്‍ മുറ്റം പകുതിയോളം നഷ്ടപ്പെട്ടു. പിന്‍വശം തിരുവാഭരണ പാതയുമാണ്. ഇടവേളകളില്‍ കുട്ടികളെ പുറത്തു വിടാന്‍ സ്കൂള്‍ അധികൃതര്‍ മടിക്കുകയാണിപ്പോള്‍. വേലി നിര്‍മ്മിക്കണമെന്നാവശ്യം പരിഹരിക്കാത്ത പക്ഷം സമരം അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.