പത്തനംതിട്ട: വീടിന്റെ ഇന്‍റീരിയര്‍ വര്‍ക്കുകളും ഉപകരണങ്ങളും നല്‍കാമെന്നേറ്റ ശേഷം പണം വാങ്ങി മുങ്ങിയ കയാറുകാരന്‍ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ കമ്മീഷന്‍ വിധി. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപിക അനിതാ ബിജു നല്‍കിയ പരാതിയിലാണ് വിധി. തിരുവഞ്ചൂർ ചേനംചേരി കുറുപ്പം പറമ്പിൽ വീട്ടിൽ ആനന്ദ് ശങ്കറാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നാരങ്ങാനം പഞ്ചായത്തിലുള്ള അധ്യാപികയുടെ വീട്ടിലേയ്ക്ക് ഫർണിച്ചറും മറ്റും പണിയുന്നതിലേയ്ക്ക് എതിർകക്ഷിയെ ഏൽപ്പിച്ചിരുന്നു. 2023 മേയ് മാസം ഹാളിന്റെ പാർട്ടീഷനും ക്രോക്കറി ഷെൽഫ് പണിയുന്നതിനും മറ്റും അളവെടുത്ത് 1,25,000 രൂപാ സമ്മതിച്ച് അഡ്വാൻസായി 50,000 രൂപ ആനന്ദിന് ബാങ്ക് അക്കൗണ്ട് വഴി നല്‍കി. എന്നാൽ തുടർന്ന് പല പ്രാവശ്യം അധ്യാപിക ഇയാളെ ടെലിഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറി നടന്നതായിട്ടാണ് ആരോപണം.
വീട്ടിൽ നടത്തേണ്ട ചില ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി ഈ പണികൾ നടത്താൻ തീരുമാനിച്ചത്. എതിർകക്ഷി ഈ ജോലി ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണ് എന്നും അധ്യാപികയ്ക്ക് ഇതുമൂലം മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ടായതായും കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്തത്.
ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിയ്ക്ക് നോട്ടീസ് അയച്ചെങ്കിലും ഇയാള്‍ കോടതിയിൽ ഹാജരാകാതെ ഒളിച്ചുമാറി നിന്നു. ഹർജികക്ഷിയുടെ ഭാഗം തെളിവുകളും വാദങ്ങളും കേട്ട കമ്മീഷൻ എതിർകക്ഷി ഹർജികക്ഷിയോട് വാങ്ങിയ 50,000 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 1 ലക്ഷം രൂപ പ്രതി കൊടുക്കാൻ വിധിക്കുകയാണ് ഉണ്ടായത്.
ഏതെങ്കിലും കാരണത്താൽ കമ്മീഷന്റെ വിധി എതിർകക്ഷി നടപ്പിലാക്കിയില്ലെങ്കിൽ എതിർകക്ഷിയുടെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്നും ഈ തുക രൂ 10% പലിശ കൂടി ഈടാക്കിയെടുക്കാൻ ഹർജി കക്ഷിക്ക് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് വിധി ന്യായത്തിൽ പറയുകയുന്നു. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.