തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷത വലിയ കടന്നാക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരുക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള. പൗരത്വത്തിന് അടിസ്ഥാനം മതമായിമാറ്റികൊണ്ടിരിക്കുന്നു. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഴക്കേകോട്ട നായനാർ പാർക്കിൽ ഒരുക്കിയിട്ടുള്ള ഡിജിറ്റൽ ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടനയുടെ അറുപത് വർഷത്തെ സമര സംഘടന പ്രവർത്തനങ്ങളും രാജ്യത്തെയും സംസ്ഥാനത്തെയും സാമൂഹിക മാറ്റങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു പ്രദർശനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ കടുത്ത കടന്നാക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ചരിത്രത്തെ വിലയിരുത്തി മാത്രമേ നാളത്തെ കടമകൾ നിറവേറ്റാൻ കഴിയൂ. സംസ്ഥാന ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾക്ക് വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുക മാത്രമല്ല, രാജ്യം നേരിടുന്ന പൊതുവായ വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും എൻ.ജി.ഒ യൂണിയന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരദരാജൻ, അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എൻടി ശിവരാജൻ, യൂണിയന്റെ മുൻകാല നേതാവ് ബി ആനന്ദകുട്ടൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം സബ്കമ്മിറ്റി ചെയർമാൻ ഡികെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എഎ അജിത്കുമാർ സ്വാഗതവും, സ്വാഗത സംഘം സബ് കമ്മിറ്റി കൺവീനർ എ സുരേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രദർശനം ഈ മാസം 30 വരെ ഉണ്ടായിരിക്കും.