ബെംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രിൽ 21 വരെ നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയ്ൻ എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് ഡിആർഐയുടെ പിടിയിലായ നടി, നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വർണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് ഡിആർഐ അറസ്റ്റു ചെയ്തത്.
പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹിൽ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽനിന്നും കടത്തിക്കൊണ്ട് വരുന്ന സ്വർണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വിവരം ലഭിച്ചതോടെ കേസിന്റെ അന്വേഷണം കൂടുതൽ ആഴത്തിൽ കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രന്യയെ അറസ്റ്റു ചെയ്തതിന് തൊട്ടുപിന്നാലെയാണ് സുഹൃത്ത് തരുൺ രാജുവിനെ പോലീസ് അറസ്റ്റുചെയ്തത്.
കേസിലെ രണ്ടാംപ്രതിയാണ് തരുൺ. കർണാടകയിലെ ഹോട്ടൽ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വർണക്കടത്തിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകൾ നടത്തിയിരുന്നു. ഈ യാത്രളിലെല്ലാം ഇവർ സ്വർണം കടത്തിയിരുന്നു. ഇതിൽ പല യാത്രകളും രാവിലെ ദുബായിലേക്ക് പോയി, വൈകിട്ട് തിരിച്ചുവരുന്ന തരത്തിലായിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നു എന്ന പോലീസിന്റെ കണ്ടെത്തലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.
അറസ്റ്റിന് മുമ്പ് തരുൺ രാജ്യംവിടാൻ ശ്രമിച്ചിരുന്നതായും ഡിആർഐ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം തുടരവെ മാർച്ച് 26-നാണ് മൂന്നാംപ്രതി സാഹിൽ അറസ്റ്റിലായത്.കർണാടക പോലീസ് ഹൗസിങ് കോർപറേഷൻ ഡിജിപി രാമചന്ദ്രറാവുവിന്റെ വളർത്തുമകളാണ് രന്യ. സ്വർണക്കടത്തിന് വളർത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആർഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീൻചാനൽ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തിൽനിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിർബന്ധിത അവധി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.