കോന്നി : നാടോടികളുടെ കഥ പറഞ്ഞ് 1991 ൽ കമൽ സംവിധാനം ചെയ്ത് പുറത്ത് ഇറങ്ങിയ പത്മശ്രീ ഭരത് മോഹൻലാൽ അഭിനയിച്ച “വിഷ്ണുലോകം” എന്ന സിനിമയും അതിലെ സൈക്കിൾ യജ്ഞവും എല്ലാം മലയാളിൾക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല. ഇതിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമാണ് കഴിഞ്ഞ ദിവസം കോന്നി പയ്യനാമണ്ണിൽ കർണ്ണാടക സ്വദേശി പ്രസന്നകുമാറും സംഘവും അവതരിപ്പിച്ച സൈക്കിൾ യജ്ഞം. കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ നിന്നുള്ള അഞ്ച് പേര് അടങ്ങുന്ന കുടുംബമാണ് സൈക്കിൾ യജ്ഞം അവതരിപ്പിക്കാൻ കോന്നിയിൽ എത്തിയത്. പ്രസന്ന കുമാർ, സുധ, പ്രസന്ന, കനക, ഭസ്വരാജ്, ഒന്നര വയസുകാരൻ യുവരാജ് എന്നിവർ ആണ് സംഘത്തിൽ ഉള്ളത്. ആറു വർഷമായി കേരളത്തിലെ പതിനാല് ജില്ലകളിലും ഇവർ സൈക്കിൾ യജ്ഞം അവതരിപ്പിച്ചിട്ടുണ്ട്.
സൈക്കിൾ അഭ്യാസവും പാട്ടും,നൃത്തവും തമാശയും എല്ലാം ചേർന്ന പ്രകടനം ജനങ്ങൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. നാട്ടുകാർ നൽകുന്ന സംഭാവനകൾ ആണ് ഇവരുടെ ഏക വരുമാന മാർഗ്ഗം. കാണികൾ നോക്കി നിൽക്കെ ഒരാളെ മണിക്കൂറുകൾ മണ്ണിൽ കുഴിച്ചിട്ടതിന് ശേഷം പുറത്തെടുക്കുന്ന ഇവർ അവതരിപ്പിച്ച വിദ്യ ശ്വാസം അടക്കി പിടിച്ചാണ് ജനം കണ്ടുനിന്നത്. യോഗ പരിശീലനത്തിലൂടെ ആണ് ഇത് സാധ്യമാകുന്നത് എന്ന് കലാകാരന്മാർ പറയുന്നു. ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് തന്നെ അന്യം നിന്ന് പോയ കലാ രൂപമാണ് സൈക്കിൾ യജ്ഞം.
ഏതെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ ചെറിയ ജംഗ്ഷനുകളിൽ ഒരു തൂണിലോ വൃക്ഷത്തിനോ ചുറ്റും വലിച്ച് കെട്ടിയ അലങ്കാര ബൾബുകൾക്ക് ചുറ്റും ബെല്ലും ബ്രെക്കും ഇല്ലാത്ത സൈക്കിളിൽ ആണ് കലാകാരൻമാർ അഭ്യാസ പ്രകടനം നടത്തുന്നത്. സ്ത്രീ വേഷം കെട്ടിയ പുരുഷന്മാരോ അല്ലങ്കിൽ സ്ത്രീകൾ തന്നെയോ മനോഹരമായ ഗാനങ്ങൾക്കും അഭ്യാസ പ്രകടനങ്ങൾക്കുമൊപ്പം ചുവട് വെക്കുന്നതും സൈക്കിൾ യജ്ഞത്തിന്റെ പ്രത്യേകതയാണ്. ടി വിയും മറ്റ് സാങ്കേതിക വിദ്യകളും വരുന്നതിന് മുൻപ് പഴയ ആളുകൾ ആസ്വദിച്ചിരുന്ന സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ പുതിയ തലമുറക്ക് എന്നും അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നു.