പത്തനംതിട്ട : കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നുവീണ് നാല് വയസ്സുകാരനായ അടൂര്‍ സ്വദേശി അഭിരാം മരിച്ച സംഭവം വനംവകുപ്പ് അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ക്രീറ്റ് തൂണിന്‍റെ അസ്ഥിവാരം മണ്ണ് ഒലിച്ച് ദുര്‍ബലാവസ്ഥയിലായിരുന്നിട്ടും ഇത് കണ്ടുപിടിച്ച് ബലപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കാതിരുന്നത് കടുത്ത കൃത്യവിലോപമാണെന്നും ആനക്കൂടിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
അഭിരാമിന്‍റെ കുടുംബത്തിന് കുറഞ്ഞത് ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം വന്യമൃഗ ആക്രമണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെയിരിക്കുന്ന സാഹചര്യത്തില്‍ ആനക്കൂട്ടിലെ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം കുട്ടി മരിക്കാനിടയായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള മുന്‍കരുതലും സൂഷ്മമായ നിരീക്ഷണങ്ങളും അടിയന്തിരമായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.