റാന്നി: താലൂക് വികസന സമിതി തീരുമാനപ്രകാരം റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും പ്രവേശിക്കണമെന്ന തീരുമാനം കര്‍ശനമാക്കി. പ്രവേശിക്കാത്ത ബസുകളുടെ പേരില്‍ നടപടി സ്വീകരിക്കുവാനും തീരുമാനമായി. ഇതിനായി സ്റ്റാന്‍ഡില്‍ രജിസ്റ്റര്‍ ബുക്ക് ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ സ്റ്റാന്‍ഡില്‍ എത്തുന്ന ബസിലെ കണ്ടക്ടര്‍ സമയക്രമം രേഖപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പു വെക്കണം. റാന്നി വഴി സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകളും വരുമ്പോഴും പോകുമ്പോഴും പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ എത്തണമെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോഴത്തെ നടപടി. കോവിഡിന് ശേഷം സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പല ബസുകളും സ്റ്റാന്‍ഡില്‍ എത്തുന്നില്ലായിയുന്നു. സ്റ്റാന്‍ഡിന് മുന്നിലൂടെ കടന്നു പോകുന്ന ബസുകള്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് പതിവായിരുന്നു.
പലപ്പോഴും ഇത് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിനും വഴി വെച്ചിരുന്നു. ഈ വിഷയത്തില്‍ താലൂക്ക് വികസന സമതി കഴിഞ്ഞ യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ബസുകളും ഇനി സ്റ്റാന്‍ഡില്‍ പ്രവേശിച്ചു വേണം യാത്രക്കാരെ കയറ്റിയിറക്കാന്‍. ബസുകളുടെ സമയക്രമം രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ ബുക്ക് കൈമാറുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, വാർഡ് മെമ്പർമാരായ സന്ധ്യാദേവി, മന്ദിരം രവീന്ദ്രൻ, സെക്രട്ടറി ജി സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി വി എസ് സതീശൻ, ജെ എച്ച് ഐ ലിജോ മോൻ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.