കോന്നി : ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടും കോന്നി നിയോജകമണ്ഡലത്തിലെ പല ഗ്രാമ പഞ്ചായത്തുകളിലും തീരുമാനം നടപ്പാക്കാൻ ഗ്രാമ പഞ്ചായത്തുകൾ തയ്യാറാകുന്നില്ല. നിലവിൽ വിരലിൽ എണ്ണാവുന്ന ഗ്രാമ പഞ്ചായത്തുകൾ ഒഴിച്ചാൽ മണ്ഡലത്തിലെ പലയിടത്തും ഷാർപ്പ് ഷൂട്ടർമാരെ നിയോഗിക്കുവാനോ കാട്ടുപന്നി ശല്യം കുറക്കുവാനോ പഞ്ചായത്തുകൾ തയ്യാറാകുന്നില്ല. പലയിടത്തും ഇത്തരം കാട്ടുപന്നികളെ വനം വകുപ്പ് അധികൃതർ നേരിട്ടുപോയി കൊല്ലുകയാണ് ചെയ്യുന്നത്. ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുവാനുള്ള ഉത്തരവ് ഇറങ്ങിയപ്പോൾ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോന്നിയിലാണ് ആദ്യമായി കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നത്.
2014 മുതൽ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായി ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2019ൽ ഉത്തരവിൽ ഭേതഗതി വരുത്തിയതിന് ശേഷം 2019 മാർച്ചിൽ ഉത്തരവ് ഡി എഫ് ഒ മാർക്ക് കൈമാറുകയായിരുന്നു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻ ജോസിനെയാണ് കോന്നി മണ്ഡലത്തിൽ ഈ ഉത്തരവ് നടപ്പാക്കുന്നതിനായി കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ ചുമതല പെടുത്തിയത്. ഇതിന് ശേഷം കോന്നിയിൽ എത്തിയ സംസ്ഥാന വനം വന്യജീവി ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു നിലവിലുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കോന്നി, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്ത് ആദ്യമായി കോന്നിയിൽ ഉത്തരവ് നടപ്പായത്.
അരുവാപ്പുലം തോപ്പിൽ മിച്ചഭൂമി കോളനിയിലെ അനിതകുമാരി എന്നയാളിൻ്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ രാത്രി പതിനൊന്നരയോടെ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻ ജോസ് വെടിവെച്ച് കൊല്ലുകയായിരുന്നു. അഞ്ച് വയസ് പ്രായവും നൂറ് കിലോയോളം തൂക്കവും വരുന്ന പെൺ പന്നിയെയാണ് വെടിവെച്ച് കൊന്നത്. ഇതേ ദിവസം രാത്രി ഏഴരയ്ക്ക് അരുവാപ്പുലം സന്തോഷ് എന്നയാളിൻ്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെയാണ് ആദ്യം വെടി വെച്ചത്. എന്നാൽ ഇത് രക്ഷപെടുകയായിരുന്നു. കോന്നി ഫോറെസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് ഇതുവരെ 88 കാട്ടുപന്നികളെയാണ് കോന്നി സ്ട്രൈക്കിങ് ഫോഴ്സ് ഉന്മൂലനം ചെയ്തത്. 2500 രൂപയാണ് പന്നികളെ കൊല്ലുന്നതിന് ഷാർപ് ഷൂട്ടർമാർക്ക് നൽകുന്നത്. കോന്നിയിലെ പല പഞ്ചായത്തുകളിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നിയമം നടപ്പാകാതെ വന്നതോടെ വലയുകയാണ് കോന്നിയിലെ കർഷകർ.