പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലം നവകേരള സദ സ്സില്‍ ജനകീയ മന്ത്രിസഭയെ സ്വീകരിക്കാനും കാണുവാനുമായി കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. തിങ്ങിനിറഞ്ഞ സദസിനു മുന്നിലൂടെ പത്തനംതിട്ടയുടെ പൈതൃകം വിളിച്ചോതുന്ന പടയണിക്കോലത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവവും മുദ്രാവാക്യം വിളികളുമായി സദസ്സ് ആവേശം കൊണ്ടു.
ഭര്‍ത്താവിന്റെ ക്രൂരമായ അക്രമണത്തില്‍ കൈ നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവിതം ലഭിച്ച വിദ്യ പൂച്ചെണ്ടും പുസ്തകവും ആറന്മുളകണ്ണാടിയും നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ സദസിലേക്ക് സ്വീകരിച്ചത്. സരസകവി മൂലൂരിന്റെ കവിരാമായണവും ബെന്യാമിന്റെ പുസ്തകവും ആറന്മുള കണ്ണാടിയും നല്‍കി മറ്റ് മന്ത്രിമാരെ സ്വീകരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് മനുഷ്യര്‍ക്കൊപ്പം ജീവജാലങ്ങളേയും പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആശയം ഒരു ചുവര്‍ചിത്രമാക്കി വാസ്തുവിദ്യാഗുരുകുലം വൈസ് ചെയര്‍മാന്‍ കെ ആര്‍ അജയകുമാര്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ആരോഗ്യമന്ത്രി വീണാജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, കൃഷിമന്ത്രി പി. പ്രസാദ്, തുടങ്ങിയവരായിരുന്നു. നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പോലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹരിത കര്‍മ്മസേന, കുടുംബശ്രീ -ആശ – അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 20 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.