ദിസ്പൂർ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശുവിന് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുള്ളതായി കണ്ടെത്തി. ആസാമിലെ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താൻ ഭാര്യയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് നവജാത ശിശുവിന്റെ പിതാവ് പറഞ്ഞു. സങ്കീർണതകൾ ഉള്ളതിനാൽ രണ്ടുപേരിൽ ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞതായി കുഞ്ഞിന്റെ പിതാവ് രത്തൻ ദാസ് വ്യക്തമാക്കി. ബുധനാഴ്ച എന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥീരികരിക്കുകയായിരുന്നെന്ന് രത്തൻ പറഞ്ഞു.
തുടർന്ന് സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സിൽച്ചാറിലെ മാലിനിബിൽ പ്രദേശത്തെ ഒരു സംഘം ആളുകൾ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി അധികൃതർക്കെതിരെ പ്രതിഷേധിച്ചു. കുഞ്ഞ് മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ എഫ്.ഐ.ആർ ഫയൽ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.