തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ് 35 ബി യുദ്ധവിമാനം തിരികെക്കൊണ്ടുപോകാനായി ബ്രിട്ടണിൽനിന്ന് 25 പേരടങ്ങുന്ന വിദഗ്ദ്ധസംഘം ഞായറാഴ്ചയെത്തും. ലോക്ഹീഡ് സി 130 ഹെർക്കുലിസ് എന്ന കൂറ്റൻ വിമാനവുമായാണ് സംഘമെത്തുന്നത്. യുദ്ധവിമാനം കേടുപാടുകൾ തീർത്ത് തിരിച്ച് പറത്തിക്കൊണ്ടുപോകാനായില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് സംഘം വരുന്നത്. ഇവർക്കൊപ്പം വിമാനനിർമാതാക്കളായ ലോക്ഹീഡ് മാർട്ടിന്റെ സാങ്കേതികവിദഗ്ദ്ധരും എത്തുന്നുണ്ട്.
ഇന്ധനക്കുറവിനെത്തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി എഫ് 35 ഇറക്കിയതെങ്കിലും പിന്നീട് വിമാനത്തിന്റെ ആക്സിലറി പവർ യൂണിറ്റിലുണ്ടായ തകരാറാണ് വിമാനത്തിന് പറക്കാൻ സാധിക്കാത്തതിനു കാരണമെന്നാണറിയുന്നത്. എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിൽനിന്ന് ഏഴു പേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചില്ല. രണ്ടു തവണ എൻജിൻ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയർന്നില്ല. തുടർന്നാണ് എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തിൽ സിഐഎസ്എഫ് കമാൻഡുകളുടെ സംരക്ഷണത്തിലാക്കിയത്.