പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ആറാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. താൻ ജീവിച്ചിരുന്ന കാലഘട്ടത്തെ തൻ്റെ വിശ്വാസ തീഷ്ണത കൊണ്ടും സാമൂഹ്യ ഇടപെടലുകൾ കൊണ്ടും ദീപ്തമാക്കിയ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു മാർ അത്താനാസിയോസ് എന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് , ഡോ. മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ചടങ്ങിൽ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് രചിച്ച നവജീവന സുവിശേഷം എന്ന പുസ്തകം കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.
വയനാട് ദുരന്ത ബാധിർക്കായി ഓർത്തഡോക്സ് സഭ നിർമ്മിക്കുന്ന 50 ഭവനങ്ങൾക്കു വേണ്ടി ചെങ്ങന്നൂർ ഭദ്രാസനം നല്കുന്ന സംഭാവനയുടെ ആദ്യഗഡു പത്തുലക്ഷം രൂപയുടെ ചെക്ക് ഡോ. മാത്യൂസ് മാർ തീമോത്തിയോസും ഭദ്രാസന യുവജന പ്രസ്ഥാനം പ്രവർത്തകരും ചേർന്ന് ബാവാ തിരുമേനിക്ക് കൈമാറി. ചടങ്ങിൽ വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി, ഫാ. മത്തായി കുന്നിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടന്നു. ഓതറ ദയറായിലെ ചടങ്ങുകൾക്ക് സുപ്പീരിയർ ഫാ. എബി.സി.ഫിലിപ്പ്, ഫാ. വിമൽ മാമ്മൻ ചെറിയാൻ, ഫാ. മിഥുൻ വർഗീസ്, ഫാ.ബിജു എൻ ഈപ്പൻ, റെയ്ച്ചൽ ചെറിയാൻ എന്നിവർ നേതൃത്വം നല്കി.
ഇന്നലെ സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് അന്യസ്മരണ പ്രസംഗം നടന്നു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് അനുസ്മരണ പ്രസംഗം നടത്തി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. കുരിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്താ, ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഏബ്രഹാം മാർ സെറാഫിം, വൈദികട്രസ്റ്റി ഫാ.തോമസ് അമയിൽ, വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പ്രദക്ഷണം, ശ്ലൈഹിക വാഴ് വ് ആശീർവാദം എന്നിവ നടന്നു. ചടങ്ങിന് മുന്നോടിയായി നൂറു കണക്കിക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര ബഥേൽ അരമനയിൽ നിന്നും കബറിങ്കലേക്ക് നടന്നു.