ജയ്പൂര്‍: രാജസ്ഥാനിലെ സിറ്റിങ് എം.എൽ.എമാരിൽ പലർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചേക്കും. എം.എൽ.എമാർക്ക് എതിരെയുള്ള ജനരോഷം കണക്കിലെടുത്താണ് ഹൈക്കമാൻഡ് തീരുമാനം. അതേസമയം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗോലു നടത്തിയ സർവേയില്‍ അശോക് ഗെഹ്ലോട്ട് മുന്നോട്ട് വച്ച പേരുകളില്‍ പലർക്കുമെതിരെ ജനരോഷം രൂക്ഷമാണ് എന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ സിറ്റിങ് എം.എൽ.എമാരിൽ മുപ്പതോളം പേർക്കു സീറ്റ് നൽകിയേക്കില്ല.
മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ പക്ഷത്തുള്ള മന്ത്രിമാരായ ശാന്തി ധരിവാൾ, മഹേഷ് ജോഷി, പ്രമുഖ നേതാവ് ധർമേന്ദ്ര റാഥോഡ് എന്നിവർക്കാണ് സീറ്റ് നിഷേധിക്കപ്പെടുക. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗെഹ്‍ലോട്ടിനെ നീക്കാൻ ഹൈക്കമാൻഡ് നടത്തിയ നീക്കത്തെ എതിർത്തു മുൻപന്തിയിൽ ഉണ്ടായിരുന്നവരാണ് ഇവർ. അതേസമയം മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഇത്തരം പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിർദേശം. തര്‍ക്കങ്ങള്‍ക്കിടെയില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചന. നിലവിലെ 45-50 എം.എൽ.എമാരുടെ പേരുകൾ ആദ്യ പട്ടികയിൽ ഉണ്ടാകും.