കോന്നി : തണ്ണിത്തോട് മൂഴി കരിമാൻതോട് റോഡ് ടാറിങ് ആദ്യഘട്ടം പൂർത്തിയായി. തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ തേക്കുതോട്, കരിമാൻതോട് പ്രദേശ വാസികളുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് ഇതോടെ നിറവേട്ടിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ച്ചക്കുള്ളിൽ രണ്ടാം ഘട്ട ടാറിങ് നടത്തും.
കരിമാൻതോട് നിന്നും തേക്കുതോട് വരെയുള്ള ഭാഗം ബി എം നിലവാരത്തിൽ ആദ്യ ഘട്ട ടാറിങ് രണ്ട് ആഴ്ച്ച മുൻപ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് തേക്കുതോട് മുതൽ തണ്ണിത്തോട് മൂഴി വരെ ഡി ബി എം (ഡെൻസ് ബിറ്റുമിൻ മെക്കാഡം)നിലവാരത്തിൽ ആദ്യ ഘട്ട ടാറിങ് നടത്തി. അടുത്ത ഘട്ടമായി ബി സി നിലവാരത്തിൽ ടാറിങ് നടത്തും. തണ്ണിത്തോട് മൂഴിയിൽ നിന്നും ആരംഭിച്ച് പ്ലാന്റേഷൻ,തേക്കുതോട് വഴി കരിമാൻതോടിനുള്ള റോഡ് 6.76കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.
ഇതിൽ തണ്ണിത്തോട് മൂഴിയിൽ നിന്നും തേക്കുതോട് വരെ നാല് കിലോമീറ്റർ റീ ബിൽഡ് കേരള ഇൻഷിയേറ്റീവിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവഴിച്ച് ഡി ബി എം ബി സി നിലവാരത്തിലും തുടർന്ന് കരിമാൻതോടിനുള്ള രണ്ടര കിലോമീറ്റർ പൊതുമരാമത്ത് റോഡ് വിഭാഗത്തിൽ നിന്നും 2.5 കോടി രൂപ ചിലവഴിച്ച് ബി എം ആൻഡ് ബി സി നിലവാരത്തിലുമാണ് 5.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ആണ് റോഡ് നിർമ്മാണം ആരംഭിച്ചത്.