തിരൂർ: മായം ചേർത്ത 140 കിലോ ചായപ്പൊടി വളാഞ്ചേരി വെങ്ങാട്ടെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടിച്ചെടുത്തു. കാൻസറിന് വരെ കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ച്, റെഡ് എന്നിവയാണ് ചായപ്പൊടിയിൽ ചേർത്തിട്ടുള്ളതെന്നാണ് നിഗമനം.താനൂർ,തിരൂർ,വൈലത്തൂർ,വളാഞ്ചേരി മേഖലകളിലാണ് വ്യാപകമായി വില്പനയ്‌ക്കെത്തിച്ചിരുന്നത്. തിരൂർ, താനൂർ പരിധിയിലെ തട്ടുകടകളിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമ്മാതാവിന്റെ പേരോ ലേബലോ ഇല്ലാതെ വിറ്റഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഒരാഴ്ചയായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു വിതരണക്കാരനായ വേങ്ങര കൂരിയാട് സ്വദേശി.
വൈലത്തൂർ ഭാഗങ്ങളിൽ ഇയാൾ വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് 140 കിലോ ചായപ്പൊടിയുമായി പിടിയിലാകുന്നത്. ചോദ്യം ചെയ്തപ്പോൾ വെങ്ങാട് സ്വദേശിയാണ് ചായപ്പൊടി ഇയാൾക്കെത്തിക്കുന്നതെന്ന് മനസിലായി. വെങ്ങാട്ടെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 100 കിലോ മായം കലർന്ന ചായപ്പൊടി പിടിച്ചെടുത്തു. നിർമ്മാണശാലയ്ക്ക് ലൈസൻസോ മറ്റു രേഖകളോയില്ല. ചായപ്പൊടിയുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് റിജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.