കോന്നി : വനത്തിലേക്ക് കയറാതെ മണിക്കൂറുകളോളം കല്ലാറിൽ നിലയുറപ്പിച്ച കാട്ടാന കാടിനുള്ളിലേക്ക് കയറിയതായി വനപാലകർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തണ്ണിത്തോട് റോഡിൽ ഇലവുങ്കലിന് സമീപം പിടിയാനയെ കല്ലാറിൽ നിലയുറപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് വെറ്റിനറി സർജ്ജനടക്കം സ്ഥലത്തെത്തിയെങ്കിലും ആന വെള്ളത്തിൽ നിൽക്കുന്നതിനാൽ പരിശോധന നടത്തുവാനോ ആനക്ക് എന്ത് സംഭവിച്ചു എന്ന് മനസിലാക്കുവാനോ കഴിഞ്ഞില്ല. രാവിലെ എട്ട് മണിക്ക് കണ്ടെത്തിയ ആന മണിക്കൂറുകളോളം വെള്ളത്തിൽ നിലയുറപ്പിച്ചതിനെ തുടർന്ന് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ ആന കരയ്ക്ക് കയറി വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. വനത്തിൽ ഡോക്ടർമാരടങ്ങുന്ന സംഘം നിരീക്ഷണം നടത്തുന്നുണ്ടെന്നും ആനയെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുമെന്നും അധികൃതർ പറഞ്ഞു. പ്ലാസ്റ്റിക്കോ മറ്റോ ഭക്ഷിച്ചതിനാൽ വയറിനുള്ളിൽ ഉണ്ടായ അണുബാധയാകാം ആനയുടെ ഈ അവസ്ഥക്ക് കാരണം എന്നാണ് നിഗമനം. ഇതിനോടോപ്പം ഒരു കുട്ടിയാനയെയും കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം ആന നദിയിൽ നിലയുറപ്പിച്ചതിനെ തുടർന്ന് നിരവധി ആളുകൾ ആനയെ കാണുവാൻ എത്തിയിരുന്നു.