അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന് ബ്രയിൻ പവർ & മെമ്മറി ഗുരു ഡോ. ജിതേഷ്ജി പറഞ്ഞു. മനുഷ്യമേധാ ശക്തിയുടെ നിശബ്ദകൊലയാളിയാണ് പുകയിലയും ലഹരിവസ്തുക്കളും.
അടൂർ മിത്രപുരം ഉദയഗിരി ഗാന്ധിഭവൻ ലഹരി ചികിത്സ വിമോചന പുനരധിവാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ നടന്ന ‘ലോക പുകയില വിരുദ്ധദിനാചരണം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വേഗവരയുടെയും ഓർമ്മശക്തിയുടെയും വിസ്മയമായ
ഡോ.ജിതേഷ്ജി. പുകയില വിരുദ്ധ, മദ്യവിരുദ്ധ ദിനാചരണങ്ങൾ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കുളള കരുതലും ഓർമ്മപ്പെടുത്തലുമാണെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂർബ ഗാന്ധിഭവൻ വികസനസമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് പുകവലിയുടെ മാരകമായ ദൂഷ്യവശങ്ങളേക്കുറിച്ച് ക്ലാസ് എടുത്തു. കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. സൈക്യാട്രിസ്റ്റ് ഡോ. നിമ്മി സൂസൻ ഏബ്രഹാം, വികസന സമിതി അംഗവും ലീഗൽ സർവീസ് അതോറിറ്റി പാരാ ലീഗൽ വാളണ്ടിയറുമായ കെ ഹരിപ്രസാദ്, ഐആർസിഎ ഡയറക്ടർ എസ് അനിൽകുമാർ, ശ്രീലക്ഷ്മി, ഗോപിക, ബീന, കൗൺസിലർമാരായ രേഷ്മ, രാജശ്രീ എന്നിവർ സന്ദേശങ്ങൾ നൽകി. നേരത്തേ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി സമ്മാനങ്ങൾ നൽകി.