കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ വ്യാപനം തടയുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ ഈ ദിവസങ്ങള്‍ നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയില്‍ ആദ്യമായാണ് നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗിക്ക് ആദ്യ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കി കഴിഞ്ഞു. രണ്ടാമത്തെ ഡോസ് ഇന്ന് രാവിലെ ഏഴരയ്ക്ക് നല്‍കി.
ഈ ഘട്ടത്തില്‍ രോഗിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് മോണോ ക്ലോണല്‍ ആന്റിബോഡി. ഇതോടൊപ്പം അണുബാധ കുറയ്ക്കുന്നതിനുള്ള ചികിത്സാനടപടികളും സ്വീകരിക്കുന്നുണ്ട്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 പേരാണ് ഉള്ളത്. ഇതില്‍ 100 പേര്‍ പ്രൈമറി കോണ്‍ടാക്ട് ആണ്. 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉള്‍പ്പെടും.കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണിവര്‍. 48 പേര്‍ ലോ റിസ്‌ക് കോണ്‍ടാക്ട് കാറ്റഗറിയില്‍ വരുന്നവരാണ്. 73 പേരാണ് സെക്കന്‍ഡറി കോണ്‍ടാക്ടില്‍ വരുന്നത്. പരിശോധനയില്‍ അഞ്ചു സാമ്പിളുകള്‍ നെഗറ്റീവ് ആണ് എന്നത് ആശ്വാസം നല്‍കുന്നതാണ്.
നിലവില്‍ 12 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. അമ്മയ്‌ക്കൊപ്പം മകനും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലാണ്. മലപ്പുറത്തെ മൗലാന ആശുപത്രിയിലായിരുന്ന രോഗിയെ ആദ്യ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഷിഫ്റ്റ് ചെയ്യണമെന്ന ആശുപത്രിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. രണ്ടാമത്തെ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.