പത്തനംതിട്ട : യു.ഡി.എഫ് സര്‍ക്കാര്‍ മലയോര കര്‍ഷകര്‍ക്ക് നല്കിയ പട്ടയം റദ്ദാക്കിയിട്ട് അത് വീണ്ടും നല്കാതെയും വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളേയും കാര്‍ഷിക വിളകളേയും സംരക്ഷിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളാതെയും സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ അതിനായി കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന പണം ചിലവാക്കാതെ ലാപ്സ് ആക്കി കളയുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ ഭീതി അകറ്റി കൃഷിനാശം സംഭവിക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നരുടെ കുടുംബത്തിനും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 4 ന് ജില്ലയിലെ ചിറ്റാറില്‍ എത്തുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്‍റെ മലയോര ജാഥക്ക് വന്‍ ജനാവലിയെ അണിനിരത്തി സ്വീകരണം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സതീഷ് പണിക്കര്‍, ഡി.എന്‍. തൃദീപ്, കോശി പി. സക്കറിയ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ എസ്. ബിനു, സക്കറിയ വര്‍ഗീസ്, ദിനാമ്മ റോയി, ആര്‍. ദേവകുമാര്‍, പ്രൊഫ. പി.കെ. മോഹന്‍രാജ്, സിബി താഴത്തില്ലത്ത്, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.