പത്തനംതിട്ട : സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിലും പകർച്ചപ്പനി പടർന്ന് പിടിക്കുന്നത് നേരിടുന്നതിൽ സർക്കാർ തികഞ്ഞ പരാജയമായിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. സർക്കാർ കേവലം നോക്കുകുത്തിയായി നിന്ന് കൊണ്ട് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ആരോഗ്യവകുപ്പിന്റെ നിഷ്ക്രിയത്വമാണ് മരണ സംഖ്യ ഉയരുന്നതിനും പനി വ്യാപിക്കുന്നതിനുമുള്ള പ്രധാന കാരണം. ജില്ലയിൽ പകർച്ചപ്പനി ആദ്യ ഘട്ടത്തിൽ തന്നെ ആരംഭിച്ചപ്പോൾ മുൻകരുതൽ എടുക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കുന്നതിനോ ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇത് മൂലം ജില്ലയിലുടനീളം വ്യാപകമായ പകർച്ചപ്പനി വ്യാപിച്ചിരിക്കുകയാണ്. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇവയെ തടയുവാൻ കഴിയുമായിരുന്നു. പരിസര ശുചിത്വത്തിലൂടെ ജലജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമായിരുന്നു.
എന്നാൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ചെയ്തു തീർക്കേണ്ട ശുചീകരണ ജോലികൾ ആരംഭിക്കുവാൻ പോലും ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. നാടാകെ ഓടകളിലും അഴുക്ക് ചാലുകളിലും മലിന ജലം കെട്ടിക്കിടക്കുകയാണ്. ഓടകളിൽ ഫോഗിങ്ങ് പോലും കൃത്യമായി നടന്നിട്ടില്ല. ജല ശ്രോതസ്സുകൾ മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗങ്ങളായ ചിക്കൻ ഗുനിയാ, ഡെങ്കിപ്പനി, ക്യൂലക്സ് കൊതുകൾ പരത്തുന്ന ജപ്പാൻ ജ്വരം, എലികൾ പരത്തുന്ന എലിപ്പനി എന്നിവ പടർന്നു പിടിക്കുകയാണ്. സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട ജില്ലയിൽ സർക്കാർ ആശുപത്രികളിൽ രോഗികളെ ചികിത്സിക്കാനുള്ള ഒരു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല വേണ്ടത്ര ഡോക്ടർ മാരും ജീവനക്കാരും പോലും ഇല്ലാത്ത അവസ്ഥയാണെന്നുള്ളതും ഖേദകരമാണ്. ഈ കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു.