പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതി നീക്കം വീണ്ടും പുനർജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നതും ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതും അതുകൊണ്ടുതന്നെ കേരളത്തിന് യോജിച്ചതല്ലെന്നും വിദഗ്ധരാകെ അഭിപ്രായപ്പെട്ടിട്ടും അതൊന്നും തങ്ങക്ക് ബാധകമല്ലെന്ന ധാർഷ്ട്യമാണ് ഈ നീക്കത്തിന് പിന്നിൽ. പദ്ധതിക്കായി സമർപ്പിച്ച രൂപരേഖയിൽ കേന്ദ്രം ആവർത്തിച്ചാവർത്തിച്ചു വിശദീകരണം തേടിയിട്ടും അതൊന്നും ഇതുവരെയും നൽകാൻ കഴിയാത്ത സംസ്ഥാന സർക്കാർ പേരിനൊരനുമതി വാങ്ങി വിദേശ വായ്പ വസൂലാക്കാനുള്ള തത്രപ്പാടാണ് കാണിക്കുന്നത്.
ക്ഷേമപെൻഷൻ കൊടുക്കാനും ചികിത്സാസഹായം നൽകാനും കാൽ കാശ് കയ്യിലില്ലാത്ത ധനകാര്യ മന്ത്രി പദ്ധതിക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് വിദേശ വായ്പയുടെ ആകർഷണീയതയിലും മറ്റനുബന്ധകാര്യങ്ങളിലും വീണു പോകുകയും അതിന്റെ കാണാച്ചരടിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തതിന്റെ പരിണിതഫലമാണ്. കാലവർഷത്തിനു മുമ്പ് തന്നെ പെയ്ത നാലുമഴയിലെ കെടുതിയിൽ പെട്ടുഴലുന്ന കേരളത്തിൽ സിൽവർ ലൈന് വേണ്ടിയുള്ള എംബാങ്ക്മെന്റു കൂടി കെട്ടിയുയർത്തിയാലുള്ള ദുരിതത്തെക്കുറിച്ച് ഇപ്പോഴും ആലോചിക്കാത്തത് ആത്മഹത്യാപരമാണ്. കേരള സമര ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിരോധവും പാർലമെന്റ് തിരഞ്ഞെടുപ്പിലെ കടുത്ത ജനവിധിയും സിപിഎമ്മിനെ ഒന്നും പഠിപ്പിക്കുന്നില്ലന്നല്ലേ ഈ നീക്കം തെളിയിക്കുന്നത്. എന്തെല്ലാം നീക്കം നടത്തിയാലും കേരളത്തിന്റെ സർവ്വനാശത്തിനിടയാക്കുന്ന ഈ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ മുമ്പുണ്ടാതിനേക്കാൾ വലിയ പ്രതിരോധമായിരിക്കും ഉയർന്നു വരികയെന്നും പുതുശ്ശേരി പറഞ്ഞു.