തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സർക്കാർ അടിയന്തിരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ഡോ. കെ.ടി ജലീൽ എംഎൽഎ. കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം. സംഘിവൽക്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്എഫ്ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങളെന്നും ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
എസ്എഫ്ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്‍മഹത്യാ സ്ക്വാഡും ആണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എസ്എഫ്ഐക്കാർക്ക് പോലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഗണ്മാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധം ആണ് ഉപയോഗിച്ചത്. എസ്.എഫ്.ഐ – ഗവർണർ പ്രഹസനം ആളുകൾ കാണുന്നുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ട്. ഗവർണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാരാണെന്നും അദ്ദേഹം ആരോപിച്ചു.