തിരുവനന്തപുരം : രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു. ഭരണഘടനയുടെ അനുഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു.
അതോടൊപ്പം അനുഛേദം 15 (1) മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് ഏതൊരു മതപരമായ ആചാരവും ഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച് മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങൾ വ്യക്തമാക്കുന്നു. ഗവർണറുടെ ഈ പ്രവൃത്തി ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്. ഇത് പ്രോട്ടോകോൾ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയുമാണ്.