റാന്നി: പ്രധാന റോഡിലെ പാലത്തിന്റെ കൈവരി തകർന്നിട്ടു വർഷങ്ങൾ ആയിട്ടും പരിഹാരമില്ലെന്ന് ആക്ഷേപം. പ്ലാച്ചേരി എരുമേലി റോഡിലെ പ്ലാച്ചേരി വനം സ്റ്റേഷന് സമീപത്തെ പാലമാണ് കൈവരി തകര്‍ന്ന നിലയിലുള്ളത്. ഇവിടെ പല അപകടങ്ങൾ ഉണ്ടായിട്ടും ഈ സ്ഥിതി തുടരുകയാണ് ഇപ്പോഴും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേര്‍ന്ന് എരുമേലി റോഡിന്‍റെ ആരംഭത്തിലാണ് വീതി കുറഞ്ഞ ഈ പാലം സ്ഥിതി ചെയ്യുന്നത്. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പ്ലാച്ചേരി-എരുമേലി റോഡിലെ പാലം കോട്ടയം പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലാണ്. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് നടക്കുന്ന അറ്റകുറ്റ പണിയിൽ ഈ പാലത്തിന്റെ കൈവരി ഉയരത്തിൽ കെട്ടി സുരക്ഷ ഒരുക്കണം എന്ന ആവശ്യമുയര്‍ന്നിട്ടും അവഗണിക്കുന്നതായിട്ടാണ് പരാതി.
കഴിഞ്ഞ ശബരിമല സീസൺ സമയത്തു തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം നഷ്ടമായി പാലത്തില്‍ ഇടിച്ചിരുന്നു. അന്ന് കൈവരി ഉള്ളത് കൊണ്ട് വാഹനം തോട്ടിലേക്ക് മറിയാതെ രക്ഷപെട്ടിരുന്നു. കഴിഞ്ഞ സീസൺ സമയത്തു പാലത്തിന്റെ ഇരുവശത്തും മരക്കമ്പുകള്‍ കുഴിച്ചിട്ടു കയർ വലിച്ചു കെട്ടിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ശബരിമല സീസൺ ആരംഭിക്കുമ്പോൾ വലിയ തിരക്കുള്ള റോഡ് ആണിത്. എരുമേലിക്ക് പോകുന്ന വാഹങ്ങളും സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങളും ഈ വഴി ആണ് വരിക. രണ്ടു വലിയ വാഹനങ്ങള്‍ വന്നാൽ തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. കൈവരി കൂടെ ഇല്ലെങ്കിൽ ഏത് സമയത്തും അപകടം ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.