എടത്വ: അപകടാവസ്ഥയിലുള്ളതും സുരക്ഷിതത്വവും ഇല്ലാത്ത തോട്ടടി പാലത്തിൻ്റെ കൈവരികൾ പുനസ്ഥാപിച്ചു. നിരണം ഗ്രാമ പഞ്ചായത്തിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മുൻ ഭരണ സമിതി അനുവദിച്ച തുക കൊണ്ടാണ് കൈവരികൾ നിർമ്മിച്ചതെന്ന് വാർഡ് അംഗം ജോളി ജോർജ്ജ് പറഞ്ഞു. പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തോട്ടടി പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, പ്രസിഡൻ്റ് റോബി തോമസ് ,ജനറൽ കൺവീനർ അജോയ് കെ. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മുൻ ഭരണ സമിതിക്ക് നിവേദനം നല്കിയിരുന്നു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതികുറഞ്ഞ പാലം നിർമ്മിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിലും ആണ്. അപകടാവസ്ഥയിൽ ഉള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്.
കഴിഞ്ഞ 3 വർഷമായി പാലത്തിൻ്റെ കൈവരികൾ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും
നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്.
തോട്ടടി കടവിൽ പുതിയ പാലം വേണമെന്ന ആവശ്യവുമായി തോട്ടടി പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി,പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നല്കിയ നിവേദനത്തെ തുടർന്ന് റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നല്കി.