കൊച്ചി : വ്യത്യസ്തമായ കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പോക്‌സോ കേസ് പ്രതിയും കാപ്പ കുറ്റവാളിയുമായ യുവാവിനൊപ്പം താമസിച്ചിരുന്ന പത്തൊമ്പതുകാരിയെ രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ. ഇരയായ പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് യുവാവ് പോക്സോ കേസിൽ 35 ദിവസം ജയിലിലായിരുന്നു.
എന്നാൽ ഇവർ പിന്നീട് വിവാഹിതരായെന്ന് പെൺകുട്ടി തന്നെ കോടതിയിൽ വ്യക്തമാക്കി. കോഴിക്കോടു വെച്ച് വിവാഹിതരായെന്നും യുവാവിനൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും കോടതിയെ അറിയിച്ചു. വിവാഹം നടത്തിയെന്ന വാദം പോക്‌സോ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ആരോപിച്ചു. യുവാവിനെതിരെ ജ്വല്ലറി കവര്‍ച്ചയടക്കം ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. കാപ്പ പ്രതിയായി നാടുകടത്തിയ സമയത്ത് ഇയാള്‍ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ച് വിവാഹം നടത്തിയെന്ന് പറയുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും അറിയിച്ചു. യുവാവിനെതിരായ കേസുകള്‍ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി ഒടുവില്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചു. പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്ക്കകം തിരികെ നല്‍കാനും കോടതി യുവാവിനോട് നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്ക്കകം അഭിഭാഷകന്‍ മുഖേന കൈമാറാമെന്ന യുവാവിന്റെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.