മൂന്നാർ ; മൂന്നാർ മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടരുന്നതിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കളക്ടർക്ക് കോടതി നിർദേശം നൽകിയത്. അതെ സമയം അമിക്കസ് ക്യൂറിക്കെതിരെയും, ജില്ലാ കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ പാടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. കോടതി ഉത്തരവുകൾ നടപ്പിലാക്കുകയാണ് ഇരുവരും ചെയ്യുന്നത്, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് രേഖാമൂലം കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണങ്ങൾ നടക്കുന്നുത് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ചട്ടലംഘനം നടത്തുന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 16 വർഷമായി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും, സമയബന്ധിതമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. ഭൂ ഉടമകളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാരെ ചുമതലപ്പടുത്തണമെന്നും കോടതി വ്യക്തമാക്കി.