കൊല്ലം: കേരള വനം വികസന കോര്‍പ്പറേഷനില്‍ (കെഎഫ്ഡിസി) കോടതി ഉത്തരവ് പ്രകാരം, വിരമിക്കല്‍ തീയതിക്കുശേഷവും സര്‍വീസില്‍ തുടര്‍ന്ന ഉദ്യോഗസ്ഥന്‍ പുറത്ത്. തൃശ്ശൂര്‍ ഡിവിഷണല്‍ മാനേജര്‍ ടി.കെ. രാധാകൃഷ്ണനെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, കെഎഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡ് സര്‍വീസില്‍നിന്ന് ഒഴിവാക്കിയത്. കെഎഫ്ഡിസിയിലെ പെന്‍ഷന്‍ പ്രായം 58-ല്‍നിന്ന് 60 വയസ്സായി ഉയര്‍ത്താനാകില്ലെന്ന് ഒക്ടോബര്‍ എട്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചശേഷമാണ്, സര്‍വീസില്‍ തുടര്‍ന്നയാളെ ഒഴിവാക്കാന്‍ അനുമതി കിട്ടിയത്.
കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ ഒഴിവാക്കി ഉത്തരവിറക്കിയതായി മാനേജിങ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍ പറഞ്ഞു.
വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്നു കാട്ടി സിഐടിയു മുന്‍ നേതാവായ ടി.കെ. രാധാകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കെഎഫ്ഡിസി കൈക്കൊണ്ട തീരുമാനങ്ങള്‍ വിവാദമായിരുന്നു. ഒരാളിന്റെ കത്തുമാത്രം ആധാരമാക്കി വിഷയം ഡയറക്ടര്‍ ബോര്‍ഡ് രണ്ടുതവണ ചര്‍ച്ചചെയ്യുകയും തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കുകയും ചെയ്തു. പഴയ നേതാവിനെതിരേ കോര്‍പ്പറേഷനിലെ സിഐടിയുവും ഡയറക്ടര്‍ ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ.എസ്. ജ്യോതിയും രംഗത്തെത്തി.
ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ‘അസിസ്റ്റന്റ് ‘ തസ്തികയില്‍ പിഎസ്സി റാങ്ക് പട്ടിക നിലവില്‍വന്നയുടനെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നടത്തിയ നീക്കത്തില്‍ യുവജന സംഘടനകളും പ്രതിഷേധവുമായെത്തി. ഒടുവില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ സമയത്ത്, കോടതിയെ സമീപിച്ച ടി.കെ. രാധാകൃഷ്ണന് ‘സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ സര്‍വീസില്‍ തുടരാന്‍’ അനുമതി ലഭിക്കുകയായിരുന്നു.സര്‍ക്കാര്‍ തീരുമാനംവന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ‘വിരമിച്ച’യാള്‍ക്ക് തുടരാന്‍ അവസരം നല്‍കിയെന്നു കാട്ടി ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ.എസ്. ജ്യോതി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥനെ ഒഴിവാക്കിയത്.