കോന്നി: കോന്നി വി കോട്ടയം ഇളപ്പുപാറയില്‍ കൊമ്പന്‍പാറ മലനട മഹാഗണപതി ക്ഷേത്രത്തിന് സമീപം വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇളപ്പുപാറ രാജന്‍വിലാസം രാജന്റെ വീടിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നരക്ക് ശേഷമാണ് സംഭവം നടന്നത്. രാജന്‍ കോന്നിയിലേക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ വിളിച്ച് അറിയിക്കുമ്പോള്‍ ആണ് രാജന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് കോന്നി അഗ്‌നിശമന രക്ഷാ സേനയെ വിവരം അറിയിച്ചു. കോന്നിയില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ എത്തി നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. സ്ഥലത്തേക്ക് വാഹനം കടന്ന് ചെല്ലാന്‍ സാധിക്കാത്തതിനാല്‍ പൈപ്പുകള്‍ ഒന്നൊന്നായി ബന്ധിപ്പിച്ച് പ്രദശത്തേക്ക് എത്തിച്ചാണ് അഗ്‌നിശമനരക്ഷാ സേന തീ അണച്ചത്. കോന്നി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
വീടിനുള്ളിലെ ഹാളില്‍ ആണ് പ്രധാനമായും അഗ്‌നിബാധ ഉണ്ടായത്. വീടിന്റെ വയറിങ്, വീടിനുള്ളില്‍ ഉണ്ടായിരുന്ന സോഫ സെറ്റ്, കസേരകള്‍, ഗ്രാമഫോണ്‍, ടി വി, മേശ തുടങ്ങി എല്ലാവിധ ഗൃഹോപകരണങ്ങളും അഗ്‌നിബാധയില്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുക്കളയുടെ ഭാഗത്തേക്ക് തീ പടരാതിരുന്നത് മൂലം വന്‍ദുരന്തം ഒഴിവായി. രാജന്‍ ഒറ്റക്ക് ആയിരുന്നു വീട്ടില്‍ താമസം. കുറച്ച് ദിവസമായി ഡല്‍ഹിയില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ച് എത്തിയത്.