ഗുരുവായൂര്‍: സ്വര്‍ണമാലയും പഴ്‌സും മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ വീട്ടമ്മ അടിച്ചോടിച്ചു. നെന്മിനി പയ്യപ്പാട്ട് ജയന്റെ ഭാര്യ ജയന്തിയാണ് കള്ളനെ കൈയിലിരുന്ന കുടകൊണ്ട് നേരിട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 11.30ഓടെയായിരുന്നു സംഭവം. അക്ഷയ കേന്ദ്രത്തിലേക്ക് നടന്നുപോകവെ എരുകുളം ബസാറിനടുത്തായിരുന്നു സംഭവം. എതിരെ നടന്നുവന്ന 35 വയസ്സ് തോന്നിക്കുന്ന ഉയരമുള്ളയാള്‍ പഴ്‌സ് പിടിച്ചുപറിക്കാനും മാല പൊട്ടിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് ജയന്തി പറഞ്ഞു. ഒരു പവനോളം വരുന്നതാണ് മാല. പഴ്‌സില്‍ ബാങ്കിലടക്കാനുള്ള 25,000ത്തോളം രൂപയുണ്ടായിരുന്നു.
പഴ്‌സില്‍ കള്ളന്‍ പിടിമുറുക്കിയതോടെ കൈയിലിരുന്ന കുട ഉപയോഗിച്ച് ജയന്തി അടിക്കാന്‍ തുടങ്ങി. ഒപ്പം നിലവിളിക്കുകയും ചെയ്തു. അടി തുടര്‍ന്നതോടെ കള്ളന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.ജയന്തി പിന്തുടര്‍ന്നെങ്കിലും അയാള്‍ അടുത്തുള്ള തോട്ടിലേക്ക് ഇറങ്ങിയോടി. ബഹളം കേട്ട് സമീപവാസികളെത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. മൽപിടിത്തത്തിനിടെ ജയന്തിക്ക് നഖംകൊണ്ട് പോറലേറ്റതൊഴിച്ചാല്‍ മറ്റു പരിക്കുകളില്ല. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരിയാണ് ജയന്തി.