എറണാകുളം: ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തൊഴിലാളികളുടെ അഭിപ്രായം ചോദിച്ച് പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിക്കുന്ന തരത്തിലുള്ള സമഗ്രമായ റിപ്പോർട്ട് ലേബർ കമ്മീഷണർ രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കുന്ന ബില്ലിനെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
സൊമാറ്റോ തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. 15 മണിക്കൂർ വരെ നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി. ജില്ലാ ലേബർ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. രാവിലെ 9 നും രാത്രി 12 നുമിടയിലുള്ള സമയത്താണ് ഇവർ ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡെലിവറി ആപ്പിൽ ലോഗിൻ ചെയ്ത് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താൽ മതിയാകും. ജോലി സമയം തൊഴിലാളികൾക്ക് തീരുമാനിക്കാം. 300 രൂപയുടെ ഇന്ധനം നിറച്ചാൽ 5 മണിക്കൂർ കൊണ്ട് 800 രൂപ വരുമാനം ലഭിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ജോലിയിൽ മാനസിക പീഡനങ്ങളോ ബുദ്ധിമുട്ടുകളോ തൊഴിലാളികൾ അറിയിച്ചിട്ടില്ല. പലരും പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ്. സ്ഥിരം തൊഴിലാളികൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.